ബൈബിളിനെ ടെന്നസി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം പ്രതിനിധിസഭ പാസ്സാക്കി

0

നാഷ്‌വില്ലേ: വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി ജനപ്രതിനിധി സഭ പാസ്സാക്കി. ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസലൂഷന്‍ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്കാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ പാസ്സായത്. പ്രതിനിധി സഭയുടെ ‘നെയിമിംഗ് ആന്‍ഡ്‌ ഡെസിഗ്നേറ്റിംഗ്’ കമ്മിറ്റിയുടെ ശുപാര്‍ശയേത്തുടര്‍ന്ന്‍ പാസ്സാക്കപ്പെട്ട പ്രമേയത്തിന്റെ അടുത്ത ലക്ഷ്യം സെനറ്റാണ്. മുന്‍വര്‍ഷങ്ങളില്‍ അവതരിപ്പിച്ച പരാജയപ്പെട്ട പ്രമേയമാണിപ്പോള്‍ പാസ്സാക്കപ്പെട്ടിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന് മുന്‍പുണ്ടായിരുന്ന ടെന്നസ്സി കുടുംബങ്ങളുടെ ചരിത്രപരമായ രേഖയെന്ന നിലയില്‍ വിശുദ്ധ ബൈബിളിന് ടെന്നസ്സി സംസ്ഥാനത്തില്‍ ചരിത്രപരവും, സാംസ്കാരികവുമായ വലിയ പ്രാധ്യാന്യമുണ്ടെന്നും, വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ബൈബിളെന്നും ബൈബിള്‍ അച്ചടി സംസ്ഥാനത്തിലെ കോടിക്കണക്കിന് ഡോളര്‍ വിനിമയം നടക്കുന്ന കാര്യവും കണക്കിലെടുത്ത് ബൈബിളിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കി മാറ്റണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

തോമസ് നെല്‍സന്‍, ഗിദിയോന്‍സ് ഇന്റര്‍നാഷണല്‍, യുണൈറ്റഡ് മെത്തഡിസ്റ്റ് പബ്ലിഷിംഗ് ഹൗസ് തുടങ്ങി പ്രമുഖ ബൈബിള്‍ പ്രസാധക കമ്പനികള്‍ ടെന്നസ്സിയിലെ നാഷ്‌വില്ലേ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക ക്രിസ്തീയ മൂല്യങ്ങളില്‍ രൂപംകൊണ്ട രാഷ്ട്രമായതിനാല്‍ ബൈബിളിന്റെ വിശ്വാസപരമായ സ്വഭാവം കണക്കിലെടുത്ത് ബൈബിളിനെ വിവേചനത്തിനിരയാക്കരുതെന്ന്‍ സെനറ്റര്‍ പറഞ്ഞതായി ‘ദി ടെന്നസ്സിയന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ “പൊതു പൈതൃകം” എന്ന വിശേഷണമാണ് ബൈബിളിന് നല്‍കിയത്.

You might also like