രഹസ്യ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍: തീവ്രവാദികള്‍ സജീവമായപ്പോള്‍ ആദിമ സഭയുടെ പാതയില്‍ നൈജീരിയന്‍ ക്രൈസ്തവര്‍

0

അബൂജ: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് ശേഷം നൈജീരിയയിലെ ക്രൈസ്തവര്‍ രഹസ്യമായി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്ത്. കാരിത്താസ് നൈജീരിയയുടെ ഔദ്യോഗിക വക്താവായ ഡോറിസ് ഇംബാസ്യു എന്ന വനിതയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളില്‍ പോയാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്നറിയാവുന്നതുകൊണ്ട് നൈജീരിയയിലെ ക്രൈസ്തവര്‍ ഇപ്പോള്‍ ദേവാലയങ്ങളില്‍ പോകാറില്ലെന്നും, എന്നാല്‍ കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയുമാണെന്ന് ഡോറിസ് ഇംബാസ്യു ‘എ.സി.ഐ ആഫ്രിക്ക’യോട് വെളിപ്പെടുത്തി.

സഭയിലെ ഏറ്റവും വിശ്വാസ തീക്ഷ്ണതയും, ഊര്‍ജ്ജസ്വലതയുമുള്ള സമൂഹമായി അറിയപ്പെട്ടിരുന്ന നൈജീരിയന്‍ ക്രൈസ്തവരുടെ, പ്രത്യേകിച്ച് അഡാമാ, ബോര്‍ണോ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ലെന്നും ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും ഇംബാസ്യു പറയുന്നു. രാജ്യത്തെ ഏറ്റവും ജനനിബിഡ പ്രദേശമായിരുന്ന അഡമാവ സംസ്ഥാനത്തിലെ യോളാ രൂപതയില്‍ ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍ പതിവ് കാഴ്ചയാണ്. ബോര്‍ണോ സംസ്ഥാനത്തിലെ മൈദുഗുരി രൂപതയിലെ അവസ്ഥയും ഇതുതന്നെയാണ്. ഗ്രാമങ്ങളില്‍ അവശേഷിക്കുന്നവര്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയിലാണെന്നും, കൃഷിയിടങ്ങളിലേക്ക് പോലും പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി പേരാണ് ഗ്രാമം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളികള്‍ക്കിടയിലും നൈജീരിയന്‍ ക്രൈസ്തവരുടെ ദൈവവിശ്വാസം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഭിമാനത്തോടെയാണ് നൈജീരിയന്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതെന്നും, തീവ്രവാദി ആക്രമണങ്ങള്‍ക്ക് നൈജീരിയന്‍ ക്രൈസ്തവരുടെ ദൈവവിശ്വാസത്തില്‍ ഒരു കുറവ് വരുത്തുവാനും കഴിഞ്ഞിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ഇംബാസ്യൂ വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും വിശ്വാസത്തിനുവേണ്ടി ജീവന്‍ തന്നെ ബലികൊടുക്കുന്നുണ്ടെന്നും, വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ വരെ ജനങ്ങള്‍ തയ്യാറാണെന്നും പറഞ്ഞു. പ്രാദേശിക അന്താരാഷ്ട്ര സന്നദ്ധസംഘടനകള്‍ക്കൊപ്പം കാരിത്താസ് നൈജീരിയയും രാജ്യത്തെ 58 രൂപതകളിലെ ഭവനരഹിതരെ സഹായിക്കുന്നുണ്ട്. നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് കാരിത്താസ്.

You might also like