ഇന്തോനേഷ്യൻ ചാവേറാക്രമണം: മതകാര്യ വകുപ്പ് മന്ത്രി മകാസർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

0

ജക്കാര്‍ത്ത: ഓശാന ഞായറില്‍ ഇന്തോനേഷ്യയിലെ മകാസറിലുളള തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിനു സമീപം ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്തോനേഷ്യയിലെ മതകാര്യ വകുപ്പ് മന്ത്രി യാകുത് ചോലിൽ കുമാസ് മക്കാസർ ആർച്ച് ബിഷപ്പ് ജോൺ ലിക്കു അഡയെ സന്ദർശിച്ച് തന്റെ പിന്തുണ അറിയിച്ചു. സംഭവത്തില്‍ തന്റെ ദുഃഖം അറിയിക്കാൻ വേണ്ടിയാണ് എത്തിയതെന്നും പെസഹാ വ്യാഴാഴ്ച മുതൽ ഈസ്റ്റർ ദിനം വരെയുള്ള തിരുക്കർമ്മങ്ങൾ മുടക്കമില്ലാതെ നടത്തണമെന്നും മന്ത്രി ആർച്ച് ബിഷപ്പിനോട് പറഞ്ഞു. സാധാരണപോലെ അത് ആഘോഷിക്കുക. ഭയപ്പെടരുത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സംഘടനകൾക്കുമെതിരെ നമ്മൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തീഡ്രൽ സന്ദർശനത്തിനുശേഷം ബയൻഗാര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റവരെയും യാകുത് ചോലിൽ കുമാസ് സന്ദർശിച്ചു. മന്ത്രിയുടെ സന്ദേശം ആത്മവിശ്വാസം പകരുന്നതായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ജോൺ ലിക്കു അഡ യുസിഎ ന്യൂസിനോട് പറഞ്ഞു. മക്കാസറിലുളള ദേവാലയങ്ങൾക്കും, മറ്റു പ്രദേശങ്ങളിലുള്ള ദേവാലയങ്ങൾക്കും ഈസ്റ്റർ ദിനത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് വെളിപ്പെടുത്തി.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജമാ അൻഷാറുത്ത് ദൗള എന്ന തീവ്രവാദ സംഘടനയിൽ അംഗമായ 6 മാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികളാണ് കത്തീഡ്രൽ ദേവാലയത്തിനു സമീപം ചാവേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ദേവാലയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ദമ്പതികളെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനാലാണ് വലിയൊരു വിപത്ത് ഒഴിവായത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവരുടെ ബൈക്ക് കണ്ടെത്തിയിരിന്നു.

You might also like