അപ്പസ്‌തോലിക യാത്രയുടെ നാലാം ഘട്ടത്തില്‍ മാര്‍പാപ്പാ സിംഗപ്പൂരില്‍
സിംഗപ്പൂര്‍ സിറ്റി: അപ്പസ്‌തോലിക യാത്രയുടെ നാലാംഘട്ടത്തില്‍ ഈസ്റ്റ് ടിമോറില്‍ നിന്നും യാത്ര തിരിച്ച ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെത്തി. 11 ദിവസത്തെ അപ്പസ്‌തോലിക യാത്രയുടെ അവസാന ഘട്ടമാണിത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 11 വരെയായിരുന്നു പാപ്പാ ഈസ്റ്റ് ടിമോറിലുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഈസ്റ്റ് ടിമോറിലെ ജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വും ഭൗതികമായ നിരവധി സമ്മാനങ്ങളും നല്‍കിയാണ് പരിശുദ്ധ പിതാവ് സമ്പന്ന രാജ്യമായ സിംഗപ്പൂരിലേക്കു യാത്ര തിരിച്ചത്.
ടിമോറിലെ ‘പ്രസിഡന്റ് നിക്കോളാവ് ലൊബാറ്റോ’ വിമാനത്താവളത്തിലെ, പ്രാദേശിക അധികാരികള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിന് ശേഷമാണ് പാപ്പ സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ചാംഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രാദേശിക സമയം ഉച്ചയ്ക്കാണ് പാപ്പാ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ രാജ്യത്തിന്റെ അധികാരികള്‍ പാപ്പായെ സ്വീകരിച്ചു. തുടര്‍ന്ന്, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ റിട്രീറ്റ് സെന്ററില്‍ ജെസ്യൂട്ട് അംഗങ്ങളുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിലായിരിക്കുന്ന ദിവസങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റിപ്പബ്ലിക് പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം, പ്രധാനമന്ത്രി ലോറന്‍സ് വോങ് എന്നിവരുമായും സിവില്‍ സൊസൈറ്റി അംഗങ്ങളുമായും നയതന്ത്ര സേനാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും