സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വർഷം മെയ് 13 വരെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലാവധി. രാഷ്ട്രപതി ഭവനിലെ ചടങ്ങിലാണ് രാജ്യത്തെ അമ്പത്തി ഒന്നാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീംകോടതിയിലെ ഓഫീസിൽ എത്തി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റെടുത്തു. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായത്.
ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ബെഞ്ചിന്റെയും ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ജഡ്‌ജിമാരിൽ ഒരാളാണ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന.