ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കാത്തിരിക്കുന്ന ആ സുദിനത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍
പാരീസ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കാത്തിരിക്കുന്ന ആ സുദിനത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രാന്‍സിന്റെ അഭിമാന സ്തംഭമായ, നവീകരിച്ച നോട്രഡാം കത്തീഡ്രലിന്റെ കൂദാശാ ചടങ്ങുകള്‍ നാളെ ആരംഭിക്കും. 2019 ഏപ്രിലിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നോട്രഡാം കത്തീഡ്രല്‍ അഞ്ചുവര്‍ഷത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് വിശ്വാസികള്‍ക്കു തുറന്നുകൊടുക്കുന്നത്. പുനര്‍സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന 50-ലേറെ രാഷ്ട്രത്തലവന്മാര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയാറെടുക്കുന്ന പാരീസ് അതീവ സുരക്ഷാ വലയത്തിലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെന്‍ഡര്‍മേരിയിലെ അംഗങ്ങളെയും പാരീസില്‍ വിന്യസിക്കും. ഫ്രാന്‍സില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഏകദേശം 170 ബിഷപ്പുമാര്‍ ഞായറാഴ്ച രാവിലെ പുതിയ അള്‍ത്താരയുടെ ഉദ്ഘാടന കുര്‍ബാനയിലും കൂദാശയിലും പങ്കെടുക്കും.
അന്‍പതോളം രാഷ്ട്രത്തലവന്മാര്‍ക്കു പുറമേ ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് കത്തീഡ്രലിന്റെ കൂദാശാ ചടങ്ങിനും പൊലീസ് ഒരുക്കുന്നത്. നോട്രഡാം ദേവാലയം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കും സ്ഥിരം താമസക്കാര്‍ക്കും മാത്രമേ പള്ളി സ്ഥിതി ചെയ്യുന്ന സേന്‍ നദിയിലെ ദ്വീപിലേക്ക് പ്രവേശന അനുമതിയുള്ളൂ. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ആദ്യഘട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത്. പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് മുഖ്യകാര്‍മികനാകും. വൈകുന്നേരം 6 മണിക്ക് ആര്‍ച്ച് ബിഷപ്പ് കത്തീഡ്രല്‍ വാതിലുകളില്‍ പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഈ സമയം അകത്ത് നിന്ന് സങ്കീര്‍ത്തനം ആലപിക്കും.
കത്തീഡ്രലിലെ പ്രധാന ആകര്‍ഷണമായ പഴയ കൂറ്റന്‍ ഓര്‍ഗന്‍ പ്രര്‍ത്തനക്ഷമമാക്കിയിരുന്നു. 1773ല്‍ നിര്‍മ്മിക്കപ്പെട്ട പൈപ്പ് ഓര്‍ഗന്‍ അഗ്‌നിബാധയെ അതിജീവിച്ചെങ്കിലും, തീപിടിത്തം മൂലമുണ്ടായ കരിയും ദേവാലയത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചതിനാല്‍ വെയിലിന്റെ ചൂടുകൊണ്ടുള്ള പ്രശ്‌നങ്ങളും സംഗീത ഉപകരണത്തെ കാര്യമായി ബാധിച്ചിരുന്നു. എണ്ണായിരത്തോളം കുഴലുകള്‍ (ഒരു പേനയുടെ വലിപ്പം മുതല്‍ 33 അടി ഉയരമുള്ള പൈപ്പുകള്‍) വഴി പ്രവര്‍ത്തിക്കുന്ന പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കി. ഈ ഓര്‍ഗനില്‍ നിന്നുള്ള സംഗീതം നാളെ ദേവാലയത്തില്‍ മുഴങ്ങും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചടങ്ങില്‍ പങ്കെടുത്ത് അതിഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരിയും ഉണ്ടാകും. ഞായറാഴ്ച രാവിലെ പുതിയ അള്‍ത്താരയുടെ ഉദ്ഘാടന കുര്‍ബാനയ്ക്കും കൂദാശയ്ക്കും പാരീസ് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. ചടങ്ങുകള്‍ക്കു ശേഷം തീര്‍ഥാടകര്‍ക്കായി കത്തീഡ്രല്‍ തുറന്നുകൊടുക്കും