ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആർകെ പുരത്തിലെ ഡൽഹി പബ്ലിക് സ്‌കൂളിനും പശ്ചിമവിഹാറിലെ ജീഡി ഗോയങ്ക സ്‌കൂളിനും നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇന്ന് രാവിലെയോടെ ഇ-മെയിൽ വഴിയാണ് സന്ദേശമെത്തിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇതോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലേക്ക് വിട്ടു. സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധനകൾ തുടരുകയാണ്. ഡൽഹി വെങ്കടേശ്വർ ഗ്ലോബൽ സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് മറ്റ് രണ്ട് സ്‌കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം പ്രശാന്ത് വിഹാറിലെ ചെറിയ തരത്തിൽ സ്‌ഫോടനം നടന്നിരുന്നു. പ്രദേശത്ത് പരിശോധനകൾ പുരോഗമിക്കുകയാണെന്നും നിലവിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടത്താൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.