പരീക്ഷയ്‌ക്ക് പോയ വിദ്യാർത്ഥികളുടെ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് മറ്റൊരു കാറിലിടിച്ചു; 7 മരണം

0

ജുന​ഗഡ്: കോളേജ് വിദ്യാർത്ഥികളടക്കം ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു. ​കാർ ഡിവൈഡറിൽ തട്ടിയതിന് പിന്നാലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേരും കോളേജ് വിദ്യാർത്ഥികളാണ്. ഇവർ കാറിലാണ് സഞ്ചരിച്ചിരുന്നത്.

അമിതവേ​ഗത്തിൽ വന്ന കാർ ഡിവൈ‍ഡറിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ, എതിർദിശയിൽ വാഹനങ്ങൾ വരുന്ന ഭാ​ഗത്തേക്ക് വീണു. ഈ റോഡിലൂടെ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതോടെ അപകടത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു.

ഡിവൈഡറിൽ തട്ടിയ കാറിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും എതിർദിശയിൽ വന്ന കാറിൽ സഞ്ചരിച്ച രണ്ട് പേരുമാണ് അപകടത്തിൽ മരിച്ചത്. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ കോളേജിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. ​ഗുജറാത്തിലെ ​ജുന​ഗഡിലാണ് അപകടം നടന്നത്. ജുന​ഗഡ്-വേറാവൽ ഹൈവേയിൽ ഭന്ദൂരി ​ഗ്രാമത്തിന് അടുത്തായിരുന്നു സംഭവം.

You might also like