സ്ഥിര മേല്‍വിലാസം നിര്‍ബന്ധമില്ല: ഇനി സംസ്ഥാനത്ത് വാഹനങ്ങള്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്
കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടമാണ് ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് വ്യക്തമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമേ വാഹനം രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ ഉത്തരവ് ഇറങ്ങിയതോടെ അധികാര പരിധി ചൂണ്ടിക്കാട്ടി അര്‍ടിഒമാര്‍ക്ക് ഇനി വാഹന രജിസ്ട്രേഷന്‍ നിരാകരിക്കാനാകില്ല.
ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒ പരിധിയിലും വാഹന രജിസ്ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹന രജിസ്ട്രേഷന്‍ നടത്തണമെന്ന ആറ്റിങ്ങല്‍ റീജിനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍. മോട്ടോര്‍ വാഹന ഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആര്‍ടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലില്‍ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലില്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന അപേക്ഷ ആര്‍ടിഒ തള്ളിയിരുന്നു.
ഉടമ ആറ്റിങ്ങലില്‍ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാല്‍ രജിസ്‌ട്രേഷന്‍ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലില്‍ തന്നെ രജിസ്ട്രേഷന്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്നു