ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടു വീഴും; കരട് ബില്ലുമായി കേന്ദ്രം: നിയമം ലംഘിച്ചാല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും
ന്യൂഡല്‍ഹി: ലോണ്‍ ആപ്പുകളില്‍ കുടുങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും പിന്നീട് ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത്തരം ആപ്പുകള്‍ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെയോ, മറ്റ് നിയന്ത്രണ ഏജന്‍സികളുടെയോ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള കരട് ബില്‍ കേന്ദ്രം അവതരിപ്പിച്ചു. ‘നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം’ എന്ന പേരിലുള്ളതാണ് കരട് ബില്‍.
ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും. അനുമതിയില്ലാതെ വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം കൊണ്ടു വരുന്നത്. ഉപയോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയും ക്രമവിരുദ്ധമായി വായ്പ നല്‍കുന്നവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ വായ്പകളെക്കുറിച്ചുള്ള ആര്‍ബിഐ വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ ക്രമരഹിതമായ വായ്പകള്‍ നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ നിരവധി നടപടികള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇവയില്‍ റിസര്‍വ് ബാങ്കിലോ മറ്റ് നിയന്ത്രിത സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്യാതെ പൊതുവായ്പ നല്‍കുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
നിയമം ലംഘിച്ച് ആരെങ്കിലും ഡിജിറ്റലായോ മറ്റേതെങ്കിലും വിധത്തിലോ വായ്പ നല്‍കിയാല്‍ കുറഞ്ഞത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ പിഴയും ചുമത്താം. കടം കൊടുക്കുന്നയാളുടേയോ കടം വാങ്ങുന്നയാളുടേയോ ആസ്തി ഒന്നിലധികം സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സ്ഥിതിെ ചയ്യുകയോ ചെയ്താല്‍ അന്വേഷണം സിബിഐക്ക് കൈമാറുമെന്നും ബില്ലില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൊബൈല്‍ വഴിയുള്ള വായ്പ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വായ്പകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന പലിശനിരക്കും ഒളിഞ്ഞിരിക്കുന്ന നിരവധി ചാര്‍ജുകളും ഈടാക്കുന്നുണ്ട്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഗൂഗിള്‍ ഇത്തരത്തിലുള്ള 2,200 ലധികം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു