വസതിയിലുണ്ടായവീഴ്ചയില്‍ മാര്‍പ്പാപ്പയ്ക്ക് വലത് കൈക്ക് പരുക്കേറ്റു
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വസതിയിലുണ്ടായ വീഴ്ചയില്‍ പരിക്കേറ്റു. വലത് കൈക്ക് ചതവു പറ്റിയിട്ടുണ്ട്. എല്ലിന് പൊട്ടലില്ലെന്ന് ചികിത്സയ്ക്ക് ശേഷം ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പോപ്പിന്റെ വസതിയായ കാസ സാന്താ മാര്‍ട്ടയിലായിരുന്നു 88 കാരനായ പോപ്പ് വീണത്. വത്തിക്കാന്‍ പറയുന്നതനുസരിച്ച് പരുക്കേറ്റെങ്കിലും പോപ്പ് വ്യാഴാഴ്ച അഞ്ച് മീറ്റിംഗുകള്‍ നടത്തി, അതില്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഓഫ് അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ പ്രസിഡന്റ് അല്‍വാരോ ലാരിയോയും റോമിലെ ഒരു അര്‍ജന്റീനിയന്‍ കോളേജിലെ പുരോഹിതരുമായുള്ള കൂടിക്കാഴ്ചയും ഉള്‍പ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ പോപ്പിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ഉണ്ടാകുന്ന രണ്ടാമത്തെ വീഴ്ചയാണിത്. ഡിസംബറിലെ ഒരു ദിവസം രാത്രിയില്‍ വീണ് പരുക്കേറ്റിരുന്നു. അന്ന് താടിയിലാണ് പരുക്കേറ്റത്. 2022 മുതല്‍, കാല്‍മുട്ടിലെ വേദന മൂലമുണ്ടായ ചലനശേഷി പ്രശ്നങ്ങള്‍ കാരണം പോപ്പ് വീല്‍ചെയര്‍ ഉപയോഗിച്ചു വരികയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ ‘ഹോപ്പ്’-ല്‍, താന്‍ നല്ല ആരോഗ്യവാനാണെന്നും രാജിവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.