കത്തുന്നവർ

സജോ തോണിക്കുഴിയിൽ

0

കാറ്റിൽ ആളി കത്തുന്ന തീനാളത്തിൽ തലയോട് പൊട്ടിയമരുന്ന ശബ്ദം,പച്ചമാംസം എരിഞ്ഞടങ്ങുന്നതിന്റെ രൂക്ഷഗന്ധം, കത്തിയമരുന്ന ശരീരത്തിന്റെയും മരകഷ്ണങ്ങളുടെയും കറുത്തപുക, ഉയർന്നു പൊങ്ങുന്ന തീചൂടിന്റെ സ്പർശനത്താൽ ചൂടായി പടരുന്ന ചെറുകാറ്റ്,കണ്ണെത്താ ദൂരത്തോളം നിരത്തിയിരിക്കുന്ന ചിതകൾ,

ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്ന വീഥികൾ ഇപ്പോൾ കത്തുന്ന ദേഹങ്ങൾക്കൊണ്ട് നിറഞ്ഞു,

അരികിലേക്ക് ഒന്നുപോകാനാകാതെ അവസാനമായി ഒന്ന് തൊടനാകാതെ അകലെ എവിടെയോ കൂനിയിരുന്നു എങ്ങലടിക്കുന്നവർ,
ഒട്ടും സഹിക്കാൻ കഴിയാതെ മാറത്തടിച്ചു നിലവിളിക്കുന്നവർ, സഹജീവിയുടെ ചേതനയറ്റ ശരീരം കറുത്ത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വലിച്ചിഴച്ചും ട്രോളിയിൽ വലിച്ചും വാഹനത്തിൽ നിന്ന് മറിച്ചും കത്തിക്കുവാനും കുഴിച്ചിടുവാനും അദ്ധ്വാനിക്കുന്ന നീലകുപ്പായക്കാർ, മരണമണി മുഴക്കി ഓടിയെത്തുന്ന ശവവണ്ടികൾ അടുത്ത ഊഴത്തിനായി പ്രീയപ്പെട്ടവരുടെ വിറങ്ങലിച്ച ശരീരവുമായി കാത്തിരിക്കുന്ന മനുഷ്യജന്മങ്ങൾ,
കാഴ്ചകരായി മേൽനോട്ടക്കാരായി അവിടെഇവിടങ്ങളിലായി കറങ്ങിതിരിയുന്നവർ,

ഇത് നമ്മുടെ ഇന്ത്യ,
മരണം തേർവ്വാഴ്ചയോടെ ഉന്മാദംനൃത്തം ചെയ്യുന്ന നമ്മുടെ ജന്മഭൂമി,

പണ്ഡിത പാമര കോമളനെന്നോ, കുചേല കുബേരനെന്നോ,
സ്ത്രീ,പുരുഷൻ,പ്രായം കുറഞ്ഞവർ പ്രായം കൂടിയവർ എന്നോ
വർഗ്ഗ വർണ്ണ വ്യത്യാസങ്ങളില്ലാതെ ഓരോ നിമിഷവും ആയിരങ്ങൾ മരണത്തിന്റെ നിശബ്ദതയിലേക്ക് വഴുതി വീഴുന്ന ഭീകരമായ അവസ്ഥ.

എവിടെ ശാസ്ത്രം? എവിടെ തത്വം? എവിടെ ആദർശം?
വീമ്പിളക്കിയ മതവാദികളെ,ആയുധംകാണിച്ചു അട്ടഹസിച്ച അഹങ്കാരികളെ എവിടെ നിങ്ങൾ?
വടികൾ,വാളുകൾ, വെടിയുണ്ടകൾ എന്നിവയുമായി വരു വന്ന് ഈ മരണമെന്ന അഴിഞ്ഞാട്ടക്കാരനെ തളക്കു, ഈ മഹാമാരിയെ അറസ്റ്റുചെയ്ത് മുച്ചോടെ മുടിച്ചുകളയൂ.

ഇനിയെങ്കിലുമറിയൂ ഇതാണ് ആ യാഥാർഥ്യം.
“ഏത് മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസമത്രെ ” എന്ന പരമമായ സത്യം

കുറ്റപ്പെടുത്തലല്ല കുറ്റബോധമാണുള്ളിൽ
പ്രകൃതിയെ വേദനിപ്പിച്ചതിൽ,സഹജീവിയെ ഉപദ്രവിച്ചതിൽ,സ്വന്ത ശരീരത്തെ ദണ്ഠിപ്പിച്ചതിൽ ,
സർവ്വോപരി ദൈവത്തെ വെല്ലുവിളിച്ചതിലും അധിക്ഷേപിച്ചതിലും…

കണക്കുകൾ വ്യക്തമല്ല ആരും യഥാർതഥ കണക്കുകൾ പറയുകയുമില്ല കുമിഞ്ഞു കൂടുകയാണ് കൂടെപ്പിറപ്പുകളുടെ ദേഹങ്ങൾ.

കൂട്ടിരിക്കാൻ ആരുമില്ലാതാകുകയാണ് മനുഷ്യന് ,
പ്രീയരെന്നു പേർപറഞ്ഞു പ്രണയിച്ചവരും പരിഗ്രഹിച്ചവരും പുലമ്പിയവരും ഇവിടെ ഇതാ നാമോരോരുത്തരും ഏകാരാണെന്നുള്ള തിരിച്ചറിവിന്റെ അനുഭവക്കുറിപ്പുകൾ കാലത്തിന്റെ ചുവരിൽ എഴുതിവക്കുന്നു.

വെട്ടിപ്പിടിച്ചതും,കെട്ടിയുറപ്പിച്ചതുമൊക്കെ വിട്ടിട്ട് തനിയെ പോകേണ്ടിവരുമെന്നുള്ള തിരിച്ചറിവിൽ വിറങ്ങലിച്ചുനിൽക്കുന്നവരിൽ നിന്നും വ്യത്യസ്തമായി മരണത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്നു കണ്ടെത്തിയവർ ഭാഗ്യവാന്മാർ,

ആത്മഹത്യാ ഒഴികെ ഒരു മനുഷ്യൻ എങ്ങനെ മരിച്ചാലും അവൻ ക്രിസ്തുവിലാണ് ജീവിച്ച് മരിച്ചതെങ്കിൽ തീർച്ചയായും അവന്റെ മരണം ഒരു ലാഭമാണ്, ഈ നശ്വരമായതിൽ നിന്ന് അനശ്വരമായതിലേക്കുള്ള പ്രവേശനം എത്രയോ ഭാഗ്യകരമാണ്. എങ്ങനെ മരിച്ചു എന്നതിനേക്കാൾ എങ്ങനെ ജീവിച്ചു എന്നതിനാണ് പ്രാധാന്യം,കാരണം
“ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനായി നിയമിച്ചിരിക്കുന്നു “ആ വിധിനാളിൽ എങ്ങനെ ജീവിച്ചു എന്നതിന്റെ വെളിച്ചത്തിലാണ് വിധി തീർപ്പാകുന്നത്. ആ ദിവസത്തിൽ രക്ഷകനായ ക്രിസ്തുവിനെ അറിയാതെ മരിച്ചവർക്കുള്ള ഓഹരി കത്തുന്ന ഗന്ധകപൊയ്കയാണെങ്കിൽ ക്രിസ്തു ഭക്തനും ക്രിസ്തു അനുസാരിയും ആയവർ അനന്തമായ സന്തോഷത്തിലേക്കും ജീവിതത്തിലേക്കും പ്രവേശിക്കും,

അതുകൊണ്ട് ക്രിസ്തുവിൽ മരിച്ചവർ ഭാഗ്യവാന്മാർ അവർ ഒരിക്കൽ “നിത്യജീവനായി ഉയിർക്കും എന്നത് നമ്മുടെ പ്രത്യാശയാണ് ഈ പ്രത്യാശയാൽ അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ..

You might also like