ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 16 വർഷം കഠിനതടവും

0

പത്തനംതിട്ട : കോവിഡ് ബാധിച്ച യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകവേ, ആംബുലൻസിനുള്ളിൽ വച്ച് ക്രൂരമായ ലൈംഗിക ശാരീരിക പീഡനങ്ങൾക്ക് വിധേയയാക്കിയ പ്രതിക്ക് ജീവപര്യന്തവും 16 വർഷം കഠിനതടവും ശിക്ഷ വിധിച്ച് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത്, 2,12,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. ഇതിൽ 2 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 16 മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. ഇന്നലെ വാദം പൂർത്തിയായ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കേസിന്റെ വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റി.

കായംകുളം കീരിക്കാട്,പതിക്ക ചിറയിൽ വീട്ടിൽ നൗഫലി (29) നെയാണ് ജഡ്ജി, 323(കൈകൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ ), 354 354(B),(സ്ത്രീത്വത്തെ അപമാനിക്കൽ ), 376( ബലാൽ സംഗം ), 3(1),(w),(i),3(2),(v) പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. രാജ്യത്ത് ആദ്യമായി പട്ടികജാതി /വർഗ്ഗ പീഡന നിരോധന നിയമപ്രകാരം വിചാരണ പൂർണമായും വീഡിയോയിൽ പകർത്താൻ ഹൈക്കോടതി ഉത്തരവിട്ട കേസാണിത്. ദളിത് വിഭാഗത്തിൽപ്പെട്ടയാളാണ് യുവതി.
ബലാൽസംഗത്തിനു 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപയും ശിക്ഷിച്ചപ്പോൾ, കൈകൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കലിന് ഒരു വർഷത്തെ കഠിന തടവും 1000 രൂപയും, സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് 4 വർഷം കഠിനതടവും 8000 രൂപയും, 3(1),(w),(i) പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ വകുപ്പുകൾ പ്രകാരം ഒരു വർഷത്തെ കഠിനതടവും 3000 രൂപയും, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ വകുപ്പുകൾ 3(2),(v) അനുസരിച്ച് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതിയാകും.
2020 സെപ്റ്റംബർ അഞ്ചിന് കോവിഡ് കാലത്താണ് സംഭവം, കോവിഡ് രോഗബാധിതയായ 19 കാരിയെ ആംബുലൻസ് ഡ്രൈവറായ പ്രതി, വാഹനം പന്തളത്തെ ചികിത്സാകേന്ദ്രത്തിൽ പോകാതെ, വഴിതിരിച്ച് വിട്ട് കടത്തിക്കൊണ്ടുപോകുകയും, തുടർന്ന് ആറന്മുള വിമാനത്താവളപദ്ധതിക്കുള്ള ഭൂമിയിൽ വിജനമായ സ്ഥലത്ത് എത്തിച്ചശേഷം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു എന്നതാണ് കേസ്.

2020 ഏപ്രിൽ 7 മുതൽ കോവിഡുമായി ബന്ധപ്പെട്ട് അടൂർ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് 108 ആംബുലൻസിന്റെ ഡ്രൈവിങ്ങ് ഡ്യൂട്ടിയിലായിരുന്നു പ്രതി. യുവതിയുടെ സുഖമില്ലാതായ ബന്ധുവിനെ ചികിത്സക്കായി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം അവിടെവച്ച് കണ്ട് പ്രതി പരിചയപ്പെട്ടിരുന്നു. സെപ്റ്റംബർ 5 ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട യുവതി ബന്ധുവീട്ടിലേക്ക് മാറിയതിന് പിന്നാലെ അവിടെനിന്നും അടിയന്തിര ചികിത്സക്കായി മാറ്റാൻ അധികൃതർ തീരുമാനിക്കുകയും ചെയ്തു. എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനുമായി യുവതിയെയും മറ്റൊരു സ്ത്രീയെയുമായി വന്ന ആംബുലൻസ് ഡ്രൈവറിൽ നിന്നും, പ്രതി ഡ്യൂട്ടി ചോദിച്ചുവാങ്ങി സംഭവദിവസം രാത്രി 11.22 ന് അടൂർ ജനറൽ ആശുപത്രിയുടെ മുന്നിൽ നിന്നും ഇയാൾ ഓടിക്കുന്ന ആംബുലൻസിൽ മാറിക്കയറ്റി കൊണ്ടുപോകുകയാണ് ഉണ്ടായത്.
അടൂർ ജനറൽ ആശുപത്രിയിൽ നിന്നും 108 ആംബുലൻസിൽ പന്തളം അർച്ചന ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചപ്പോൾ, രോഗബാധിതയായ 42 കാരിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനാണ് ഒപ്പം കയറ്റിയത്. എന്നാൽ പിന്നീട്, നൗഫൽ ഇടപെട്ട് രോഗികളെ തന്റെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ആദ്യം യുവതിയെ പന്തളം അർച്ചന ആശുപത്രി കോവിഡ് സെന്ററിലാക്കാനും, പിന്നീട് സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുമായിരുന്നു നിർദേശം. എന്നാൽ ഇങ്ങനെ ചെയ്യാതെ യുവതിയുമായി പ്രതി ആദ്യം കോഴഞ്ചേരിക്ക് പോയി, തിരിച്ച് വരുംവഴി ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശത്ത് ഒഴിഞ്ഞ സ്ഥലത്ത് വാഹനം ഒതുക്കി രാത്രി 12 ന് ശേഷം യുവതിയെ മർദ്ദിക്കുകയും, തുടർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തു.
ആംബുലൻസിന്റെ പിന്നിൽ കയറി വാതിൽ അടച്ചശേഷം തടഞ്ഞുവച്ച് ബലമായി കയറിപ്പിടിച്ചു. ആർത്തവകാലഘട്ടത്തിലായിരുന്ന യുവതിയെ വായ് പൊത്തിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി ബലാൽസംഗത്തിന് ഇരയാക്കി. കവിളിൽ അടിക്കുകയും വയറ്റത്ത് ചവുട്ടുകയും ചെയ്തു. ഇതിനിടെ താഴെവീണ യുവതിയുടെ ഇടതു കാൽമുട്ടിനു പരിക്ക് പറ്റുകയും ചെയ്തു. ശേഷം പ്രതി അവശനിലയിലായ യുവതിയെ പന്തളം അർച്ചന ആശുപത്രിക്ക് മുന്നിൽ ഇറക്കി, അടൂരേക്ക് കടന്നു. വിവരം യുവതിയിൽ നിന്നും മനസ്സിലാക്കിയ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. പോലീസ് ആംബുലൻസും പ്രതിയെയും അടൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു.
അർച്ചന ആശുപത്രിയിൽ ചികിത്സക്കായി അഡ്മിറ്റാക്കപ്പെട്ട യുവതി, പന്തളം പോലീസ് സ്റ്റേഷനിൽ അന്ന് പ്രൊബേഷൻ എസ് ഐ ആയിരുന്ന അനുരൂപയുടെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് എസ് ഐ ഫോണിൽ മൊഴി രേഖപ്പെത്തുകയും, പന്തളം എസ് ഐ ആയിരുന്ന ആർ ശ്രീകുമാർ പിറ്റേന്ന് രാവിലെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ് ശ്രീകുമാർ അന്വേഷണം ആരംഭിച്ചു.
യുവതി പട്ടികജാതി വിഭാഗത്തിൽപെട്ടതാകയാൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടിച്ചേർത്ത് അന്വേഷണം അടൂർ ഡി വൈ എസ് പി ആയിരുന്ന ആർ ബിനു ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവത്തിന്‌ ശേഷം പ്രതി ഫോണിൽ മാപ്പപേക്ഷിച്ചത് യുവതി റെക്കോർഡ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പോലീസ് ആംബുലൻസിന്റെ ജിപിഎസ് ട്രാക്കിംഗ് നടത്തുകയും, ജില്ലാ പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും മറ്റും ശേഖരിക്കുകയും ചെയ്തു. വിചാരണക്കിടെ കോടതി 55 സാക്ഷികളെ വിസ്തരിക്കുകയും, 83 രേഖകളും 12 തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി ഹരികൃഷ്ണൻ ഹാജരായി. എസ് ഐ ടി രാജു, എസ് സി പി ഓ ആര്‍ നൗഷാദ് എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ പങ്കാളികളായി.
അന്നത്തെ അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ 11 അംഗപ്രത്യേക സംഘമാണ് ശ്രദ്ധേയമായ ഈ കേസ് അന്വേഷിച്ചത്. അന്നത്തെ പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, എസ് ഐമാരായിരുന്ന ആർ ശ്രീകുമാർ, നജീബ്, എ എസ് ഐ വിനോദ്, അടൂർ ഡിവൈഎസ്പി ഓഫീസിലെ എ എസ് ഐ അനിൽ, സി പി ഓ ഇർഷാദ്, പന്തളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓമാരായ മഞ്ജു, ആനി തോമസ്, സി പി ഓമാരായ നാദിർഷ, ഗണേഷ് ഗോപാൽ, ദിലീപ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

You might also like