
പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
ശ്രീനഗർ: പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പാക് ഭീകരർ ഏകദേശം ഒന്നര വർഷം മുമ്പ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി സംശയം. സാംബ-കതുവ മേഖലയിലേക്ക് അതിർത്തി വേലി മുറിച്ചുകടന്നാണ് ഈ സംഘം പ്രവേശിച്ചതെന്നും അതിനുശേഷം നിരവധി ഭീകരാക്രമണങ്ങൾ നടത്തിയെന്നും സംശയിക്കുന്നു. താഴ്‌വരയിലെ ചില ഭീകരാക്രമണങ്ങളെ തുടർന്ന് ഈ നുഴഞ്ഞുകയറ്റ സംത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന അനന്ത്‌നാഗിൽ സൈന്യം, രാഷ്ട്രീയ റൈഫിൾസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ പരിശോധന നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തദ്ദേശീയ ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള സഹായവും ഭീരരെ കണ്ടെത്താൻ ലഭിക്കുന്നുണ്ടെന്ന് ജമ്മു കശ്മീർ പോലീസിലെ ഒരു വൃത്തം പറഞ്ഞു. അലി ഭായ് എന്ന തൽഹ, ഹാഷിം മൂസ എന്ന സുലൈമാൻ എന്നിവരാണ് പാക് ഭീരരെന്ന് അനന്ത്‌നാഗ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പഹൽഗാമിലെ ആക്രമണത്തിന് നേതൃത്വം കൊടുത്തെന്ന് കരുതുന്ന പ്രാദേശിക ലഷ്കറെ തയിബ നേതാവ് ആദിൽ ഹുസൈൻ തോക്കറിന്റെ രേഖാചിത്രങ്ങൾക്കൊപ്പം മറ്റു ഭീകരരുടെ രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങൾ, വിനോദസഞ്ചാരികളും പ്രാദേശിക ഗൈഡുകളും പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, താഴ്‌വരയിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദികളെക്കുറിച്ച് സുരക്ഷാ സേനയുടെ പക്കലുള്ള വിവരങ്ങൾ എന്നിവ ശേഖരിച്ചാണ് മൂന്ന് ഭീകരരുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
പൂഞ്ച്-രജൗരി, ബാരാമുള്ള, ദക്ഷിണ കശ്മീർ മേഖല എന്നിവിടങ്ങളിൽ ഭീകര വിരുദ്ധപ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. 2024 ഒക്ടോബർ 24 ന് മൂന്ന് സൈനികരും രണ്ട് പോർട്ടർമാരും കൊല്ലപ്പെട്ട ബൂട്ട് പത്താരി ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
മൂസയ്ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കാട്ടിൽ ഒളിച്ച് താമസിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ജമ്മുവിനെ ഭീതിയിലാഴ്ത്തിയ, 50 ലധികം സൈനികരെ കൊലപ്പെടുത്തിയ നുഴഞ്ഞുകയറ്റ സംഘത്തിലെ ഒരാളായിരിക്കാം മൂസയെന്ന് വൃത്തങ്ങൾ പറഞ്ഞു. 2023 ഓഗസ്റ്റിൽ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇതേ സംഘത്തിന് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.