
ഇറാൻ – ഇസ്രയേൽ സംഘർഷം: ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതും വരുന്നതുമായ വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു
ന്യൂഡൽഹി: ഇറാനിൽ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിലേക്ക് മടങ്ങി. ആകാശത്ത് മൂന്ന് മണിക്കൂർ വട്ടമിട്ട് പറന്ന ശേഷമാണ് ഡൽഹി-വാഷിങ്ടൺ വിമാനം തിരിച്ചിറക്കിയത്. യുദ്ധസമാന സാഹചര്യത്തിൽ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരാക്കാനാണ് വിമാനക്കമ്പനിയുടെ നടപടി.
ഇസ്രയേൽ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായാണ് വിമാനട്രാക്കിങ് ആപ്പായ ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ വ്യക്തമാക്കുന്നത്. ഇറാനിലെ സ്ഥിതിഗതികളും വ്യോമാതിർത്തി അടച്ചതുമാണ് കാരണം.
വ്യോമാക്രമണത്തിന് പിന്നാലെ തന്നെ ടെൽ അവീവിലെ ബെൻ ഗൂറിയൻ എയർപോർട്ട് അടച്ചിരുന്നു. ഇറാൻ എപ്പോൾ വേണമെങ്കിലും ഇസ്രയേലിലേക്ക് പ്രത്യാക്രമണം നടത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി ഇസ്രയേലി ഫ്ലാഗ് കാരിയർ എൽ അൽ എയർലൈൻസും അറിയിച്ചു.
അതേസമയം, ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിയൻ വ്യോമാതിർത്തി അടച്ചിട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 15 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായി എയർ ഇന്ത്യ പ്രഖ്യാപിച്ചത്
