
ജെറോ ഏബ്രഹാം സാബു മോൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു.
തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ കുറ്റൂർ പഞ്ചായത്തിലെ തിരുവാമനപുരം തോട്ടിലെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് ചർച്ച് ഓഫ് ഗോഡ് തിരുവല്ല റ്റൗൺ സഭയിലെ അംഗങ്ങളായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ ബ്രദർ സാബുവിന്റെയും സിസ്റ്റർ രമ്യ സാബുവിന്റെയും മകൻ തിരുമൂലപുരം ബാലികാ മഠം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായ ജെറോ ഏബ്രഹാം സാബു മോൻ (17) ജൂൺ 18 ബുധനാഴ്ച്ച വൈകിട്ട് മരണമടഞ്ഞു.
ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ റ്റീം നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ജൂൺ 19 (ഇന്ന്) രാവിലെ 7.15 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. ജൂൺ 18 ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ മോൻ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്ത് രക്ഷപ്പെട്ടു.
അപകട വിവരം അറിഞ്ഞ് ഉടൻ തന്നെ തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ച കുറവ് മൂലം രാത്രി ഏഴ് മണിയോടെ അവസാനിപ്പിച്ചിരുന്നു. സഹോദരങ്ങൾ : പ്രെയ്സൺ സാബു, ജോഹാൻ സാബു. സംസ്കാരം പിന്നീട്.
