എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ആകെ 275 മരണം; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

0

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരണം. ഗുജറാത്ത് ആരോഗ്യ വകുപ്പിന്റേതാണ് സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജൂണ്‍ 12 ലെ വിമാനാപകടത്തിന് ശേഷം ആകെ മരണ സംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറ് പേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്.

കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

You might also like