
പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം
പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം നടത്തി. ജൂൺ 11 ന് നടന്ന സംഭവത്തിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ അഭിഭാഷകൻ വെളിപ്പെടുത്തി. പതിനാലുകാരിയായ എലിഷ്ബ അദ്നാനെ 26 വയസ്സുള്ള ഇസ്ലാം വിശ്വാസിയായ ബാബർ മുഖ്താർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. മുഖ്താർ വിവാഹിതനാണെന്നും റിപ്പോർട്ടുണ്ട്.
ബുറേവാല തഹസിൽ മുനിസിപ്പൽ അതോറിറ്റിയിലെ ശുചിത്വ തൊഴിലാളിയായ അദ്നാൻ മാസിഹ്, തന്റെ മകളെ കാണാനില്ലെന്ന് അറിഞ്ഞ ഉടൻ തന്നെ ബുറേവാലയിലെ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ്. “എങ്കിലും, ഇന്നുവരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് കുട്ടിയുടെ മോചനം സംബന്ധിച്ച നിയമനടപടികൾ വൈകിപ്പിക്കുകയും കുടുംബത്തിന്റെ ദുരിതം വർധിപ്പിക്കുകയും ചെയ്യുന്നു” – പഞ്ചാബ് പ്രവിശ്യയിലെ വെഹാരി ജില്ലയിൽ താമസിക്കുന്ന മനുഷ്യവകാശ അഭിഭാഷകനായ ആൽബർട്ട് പത്രാസ് പറഞ്ഞു.
കത്തോലിക്കനായ പിതാവ് പലതവണ പൊലീസിനെ സമീപിച്ച് മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. “അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, മാസിഹ് സഹായത്തിനായി ഞങ്ങളെ സമീപിച്ചു. ഞങ്ങൾ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ, പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്വതന്ത്രമായി മുക്താറിനെ വിവാഹം കഴിച്ചുവെന്നും ഞങ്ങളോട് പറഞ്ഞു. മതപരിവർത്തനവും വിവാഹവും അവകാശപ്പെടുന്ന രേഖകൾ കാണിക്കാൻ പൊലീസിനോട് ഞങ്ങൾ ആവശ്യപ്പെട്ടു, പക്ഷേ അവർ വിസമ്മതിച്ചു” – ആൽബർട്ട് പത്രാസ് പറയുന്നു.
തുടർന്ന് അവർ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണുകയും പരാതിക്കാരിയുടെ നിയമപരമായ അവകാശമായ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഉദ്യോഗസ്ഥർ ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല. എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസവും പൊലീസ് നിഷ്‌ക്രിയത്വവും പ്രതിക്ക് പെൺകുട്ടിയെ മതം മാറ്റാനും കുറ്റകൃത്യത്തിന് നിയമപരമായ സംരക്ഷണം നൽകുന്നതിന് അവളുമായി വ്യാജ വിവാഹം നടത്താനും മതിയായ സമയം നൽകുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ശൈശവ വിവാഹം, നിർബന്ധിത വിവാഹം, കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യൽ തുടങ്ങിയ നിയമങ്ങൾ പ്രകാരം മുഖ്താറിനെതിരെ കുറ്റം ചുമത്താൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് പത്രാസ് പറഞ്ഞു.
“എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലെ അമിതമായ കാലതാമസം കുറ്റവാളികളെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും വളർത്തുന്നു. അതേസമയം നീതി നടപ്പാക്കുന്നതിലെ കാലതാമസം രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുന്നു” – പത്രാസ് പറയുന്നു.
