
പത്താം ശ്രമത്തില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പരീക്ഷണം സമ്പൂര്‍ണ വിജയം
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം.
ടെക്‌സസിലെ സ്‌പെയ്സ് എക്‌സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചു. രണ്ടാംഘട്ടമായ, ‘സ്റ്റാര്‍ഷിപ്പ്’ പേടകം ബഹിരാകാശത്തെത്തി സ്‌പെയ്സ് എക്‌സിന്റെതന്നെ എട്ടോളം ഡമ്മി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിന്യസിച്ച് ഭൂമിയിലേക്കു മടങ്ങി. യന്ത്രക്കൈ ഉപയോഗിച്ചാണ് പേടകം ഭ്രമണപഥത്തിലേക്ക് ഓരോ ഉപഗ്രഹവും വിക്ഷേപിച്ചത്. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനം.
വിക്ഷേപണത്തിന് മൂന്ന് മിനിറ്റുകൾക്ക് ശേഷം ബൂസ്റ്ററിൽ നിന്ന് അപ്പർ സ്റ്റേജ് വേർപെട്ടു. 30 മിനിറ്റ് സഞ്ചരിച്ച് ഭ്രമണപഥത്തിലെത്തിച്ചേർന്ന അപ്പർ സ്റ്റേജ്, എട്ട് ഡമ്മി ഉപഗ്രഹങ്ങളെ വിജയകരമായി വിന്യസിച്ചു. ആദ്യമായാണ് സ്റ്റാർഷിപ്പ് പരീക്ഷണത്തിനിടെ ഈ നേട്ടം കൈവരിച്ചത്. ഇതിനിടെ, ബൂസ്റ്റർ ഗൾഫ് ഒഫ് മെക്സിക്കോയിൽ നിയന്ത്രിത ലാൻഡിംഗ് നടത്തി.
ഉപഗ്രഹങ്ങളെ വിന്യസിച്ച ശേഷം അപ്പർ സ്റ്റേജ് ഇന്ത്യൻ മഹാസമുദ്രത്തിലും പതിച്ചു. നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ് ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്‌പെയ്സ് എക്‌സ് എന്‍ജിനീയര്‍മാരെ മസ്‌ക് പ്രശംസിച്ചു.
ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സംരംഭമായ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.
