ആംബുലൻസ് ഡ്രൈവർമാർക്ക് ഭക്ഷണപ്പൊതിയുമായി പാസ്റ്റർ കെ.ജെ.തോമസും കുടുംബവും.

0

ബെംഗളുരു: കോവിഡ് മൃതദേഹങ്ങളുമായി ശ്മശാനങ്ങളിൽ എത്തുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ഭക്ഷണപ്പൊതികളുമായി പാസ്റ്റർ കെ.ജെ.തോമസും കുടുംബവും. കർണാടക ഐ.പി.സി നോർത്ത് സെൻ്ററിൻ്റെ പ്രാദേശിക സഭയായ ദൊഡ്ഡബൊമ്മസാന്ദ്ര എബനേസർ ഗ്ലോബൽ മിനിസ്ടീസ് സഭാ ശുശ്രൂഷകനാണ് കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പാസ്റ്റർ കെ.ജെ.തോമസ്.

ബെംഗളുരുവിൽ നഗരത്തിന് പുറത്തുള്ള ശ്മശാനങ്ങളിൽ കോവിഡ് മൃതശരീരങ്ങൾ ചിതയിലാക്കുവാനായി (ദഹിപ്പിക്കുവാൻ) ഡ്രൈവർമാരും പാവപ്പെട്ട വീട്ടുകാരും കുടി വെള്ളം പോലും ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇത് നേരിൽ കണ്ട് മനസ്സിലാക്കിയ പാസ്റ്റർ തോമസ് വീട്ടിൽ ചെന്ന് ഭാര്യ സാലിയോടും മക്കളായ പ്രിസ്ക , പ്രെയ്സി, പ്രിൻസ് എന്നിവരൊടും കാര്യങ്ങൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഏവരും ചേർന്ന് സന്തോഷത്തോടെ ഭക്ഷണപ്പൊതികൾ വീട്ടിൽ ഒരുക്കി. അൻപതിലധികം ഭക്ഷണപ്പൊതികളും കുടിവെള്ളവും ലക്ഷ്മിപുര ക്രോസിലെ ഗവൺമെൻ്റ് ശ്മശാനത്തിലുള്ള ആംബുലൻസ് ഡ്രൈവർമാർക്കും നിർധനരായ വീട്ടുകാർക്കും നൽകി. ലോക്ഡൗണിൽ മണിക്കൂറുകളോളം മൃതശരീരങ്ങളുമായി കാത്തു നിൽക്കുന്ന ഡ്രൈവർമാർക്കും പാവപ്പെട്ട വീട്ടുകാർക്കും പാസ്റ്റർ തോമസ് നൽകിയ ഭക്ഷണവും വെള്ളവും ആശ്വാസമായിരുന്നു.

എം.എസ്.രാമയ്യ ഹോസ്പിറ്റലിലെ നേഴ്സായ മൂത്ത മകൾ പ്രിസ്കാ തോമസിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. കഴിഞ്ഞ ഒരാഴ്ച കോവിഡ് വാർഡിൽ രോഗികളെ ശുശ്രൂഷിച്ച പ്രിസ്കാ തോമസ് എന്ന മാലാഖ അന്താരാഷ്ട്ര നേഴ്സസ് ദിനമായ ഇന്ന് ആതുരസേവനത്തൊടൊപ്പം സാമൂഹൃ പ്രവർത്തനവും ചെയ്ത സന്തോഷത്തിലാണ്. തുടർ ദിവസങ്ങളിലും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുവാൻ ഒരുങ്ങുകയാണ് ഇവർ.

കടപ്പാട്.

You might also like