
അമേരിക്ക രണ്ടുവർഷത്തിനിടെ ഇസ്രായേലിന് നൽകിയത് രണ്ടുലക്ഷം കോടിയുടെ സൈനിക സഹായം
വാഷിങ്ടൺ: ഗസ്സയിൽ രണ്ടുവർഷം പിന്നിട്ട അധിനിവേശം വിജയിപ്പിച്ചെടുക്കാൻ ഇസ്രായേലിന് അമേരിക്ക നൽകിയത് ഏകദേശം രണ്ടുലക്ഷം കോടിയുടെ സൈനിക സഹായം.
ജോ ബൈഡൻ, ഡോണൾഡ് ട്രംപ് ഭരണകൂടങ്ങൾ രണ്ടുവർഷത്തിനിടെ, 2170 കോടി ഡോളർ (1,92,616 കോടി രൂപ) സൈനിക സഹായം നൽകിയെന്ന് ബ്രൗൺ യൂനിവേഴ്സിറ്റിയിലെ വാട്സൺ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഗസ്സയിൽ വെടിനിർത്തലിനായി പ്രസിഡന്റ് ട്രംപ് നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. നിരന്തരമായി അമേരിക്കൻ സഹായം ഒഴുകാതെ ഈ വംശഹത്യ ഇത്രയും മുന്നോട്ടുപോകുമായിരുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ വർഷത്തിൽ തന്നെ 1790 കോടി ഡോളർ (1,58,877 കോടി രൂപ) നൽകിയ അമേരിക്ക രണ്ടാം വർഷം അവശേഷിച്ച തുകയായ 380 കോടി ഡോളറും നൽകി.
