
വിദേശ റിക്രൂട്ട്‌മെന്റ്: ഏകദിന ഗ്ലോബൽ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
‘വിദേശ റിക്രൂട്ട്‌മെന്റ്’ ഏകദിന ഗ്ലോബൽ കോൺക്ലേവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികൾ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴിൽ അന്വേഷിച്ചുള്ള കുടിയേറ്റം എന്ന ആദ്യകാലങ്ങളിലെ മുൻഗണന കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോൾ വിദേശരാജ്യങ്ങളിൽ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സർവകലാശാലകളിൽ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും ഉണ്ട്. പ്രവാസി രൂപത്തിൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മലയാളികൾ ശ്രദ്ധേയരായിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളുടെ പൊതു സാംസ്‌കാരിക ധാരയോടൊപ്പം ചേരുകയും അതിന് നേതൃത്വം നൽകുന്നവരായും നമ്മൾ മാറി.
ഔദ്യോഗിക രേഖ പ്രകാരം കാൽ കോടിയോളം മലയാളികൾ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ വ്യക്തമാക്കുന്നത്, കുടിയേറ്റത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവരുന്നു എന്നാണ്. മുൻപ് പ്രവാസി എന്ന് പറഞ്ഞാൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. അത് ഏറെക്കുറെ ശരിയായിരുന്നു. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ശതമാനം കുറയുകയും, യുവാക്കൾ ജർമ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. ആദ്യ കാലങ്ങളിൽ ഐടി, ഹെൽത്ത് കെയർ മേഖലകൾക്കായിരുന്നു പ്രാധാന്യം. മാനേജ്‌മെന്റ്, അക്കാദമിക മേഖലകളിൽ ഇന്ന് ധാരാളം പേർ തൊഴിലെടുക്കുന്നു. പ്രവാസി മലയാളികളിൽ 11% വിദ്യാർഥികളാണ് എന്നും സർവ്വേ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ നല്ല ലക്ഷണങ്ങളാണ്. എന്നാൽ ഈ മാറ്റങ്ങൾക്കൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
പ്രവാസികളുടെ വിഷയങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ നല്ല താൽപര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാർത്ഥത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തിൽ രൂപം നൽകിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോർക്ക റൂട്ട്‌സ് എന്ന പേരിൽ പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും തരത്തിൽ നോർക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികൾ ഉണ്ടാകില്ല.
