
‘മോന്ത’ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം
അമരാവതി: ‘മോന്ത’ ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം. പ്രധാനമായി ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി.
നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടും. ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖ പട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ലെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം-ചെന്നൈ റൂട്ടില്‍ ആറു ഫ്ളൈറ്റ് സര്‍വീസുകളും റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രാ പ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒഡിഷ, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാ പ്രവര്‍ത്തകരെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
