
ഫേസ്‍ബുക്ക് സ്റ്റൈലിൽ വാട്സ്‌ആപ്പ് പ്രൊഫൈലുകൾ ; കവർ ഫോട്ടോ ഫീച്ചർ എല്ലാ അക്കൗണ്ടുകളിലേക്കും എത്തുന്നൂ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടുതൽ വ്യക്തിഗതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കവർ ഫോട്ടോ ഫീച്ചർ വാട്‌സ്‌ആപ്പിലെ എല്ലാ ഉപയോക്താക്കളിലേക്കും ഉടൻ എത്തിയേക്കും. നിലവിൽ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായി ലഭ്യമായിരുന്ന ഈ സൗകര്യം, സാധാരണ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ ഫീച്ചർ വികസനത്തിൻ്റെ അന്തിമഘട്ടത്തിലാണെന്ന് ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
കവർ ഫോട്ടോ എങ്ങനെ സെറ്റ് ചെയ്യാം?
ഈ ഫീച്ചർ ലഭ്യമാകുമ്പോൾ, ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‌സിൽ പോയി ഇഷ്ടമുള്ള ഒരു ചിത്രം തിരഞ്ഞെടുക്കാൻ കഴിയും.
ഇങ്ങനെ തിരഞ്ഞെടുക്കുന്ന കവർ ഫോട്ടോ, നിങ്ങളുടെ പ്രൊഫൈലിന് മുകൾ ഭാഗത്തായി പ്രദർശിപ്പിക്കും. ഇത് ഫേസ്‍ബുക്ക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ കവർ ഫോട്ടോയ്ക്ക് സമാനമായിരിക്കും.
സ്വകാര്യത ക്രമീകരണങ്ങൾ
കവർ ഫോട്ടോകൾക്കായി പുതിയ പ്രൈവസി സെറ്റിംഗ്‌സും വാട്‌സ്‌ആപ്പ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് കവർ ഫോട്ടോ ആർക്കൊക്കെ കാണാമെന്ന് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ പ്രൊഫൈൽ ചിത്രത്തിനും സ്റ്റാറ്റസിനും ഉള്ളതുപോലെ എവരിവൺ (എല്ലാവർക്കും), മൈ കോൺടാക്‌ട്‌സ് (എന്റെ കോൺടാക്റ്റുകൾക്ക്), നോബഡി (ഒരാൾക്കും വേണ്ട) എന്നീ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
