
അധ്യാപകരെ ബിഎല്‍ഒമാരായി നിയമിച്ച സാഹചര്യത്തില്‍ പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ പതിനായിരത്തിലേറെ താല്‍കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: അധ്യാപകരെ ബിഎല്‍ഒമാരായി നിയമിച്ച സാഹചര്യത്തില്‍ പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ പതിനായിരത്തിലേറെ താല്‍കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അധ്യാപകരടക്കം വിവിധ സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ ബിഎല്‍ഒമാരായി നിയമിച്ച സാഹചര്യത്തിലാണിത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിറക്കി.
സംസ്ഥാനത്തെ എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സര്‍വീസിലുള്ള 30000 പേരെയാണ് ബിഎല്‍ഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ ബിഎല്‍ഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കാണിച്ച് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി.കെ.എ ഷാഫി മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎല്‍ഒമാരായി നിയോഗിക്കപ്പെട്ടവര്‍ക്ക് പകരമായി താല്‍കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നല്‍കിയിരുന്നു
