
വനത്തിൽ താമസിച്ചിരുന്ന ആദിവാസി യുവതിക്കും ഭർത്താവിനും കുട്ടിക്കുമായി തിരച്ചിൽ
കൽപ്പറ്റ: വനത്തിൽ താമസിച്ചിരുന്ന ആദിവാസി യുവതിക്കും ഭർത്താവിനും കുട്ടിക്കുമായി തിരച്ചിൽ. അട്ടമല ഒന്നാം നന്പറിൽ താമസിച്ചിരുന്ന കൃഷ്ണനെയും ഭാര്യ ശാന്തയെയും രണ്ടരവയസ്സുള്ള ഇളയമകനെയുമാണ് കാണാതായത്. ശാന്ത പൂർണ ഗർഭിണിയാണ്.പ്രസവത്തിന് ആശുപത്രിയിൽ എത്തിക്കാൻ പട്ടികവർഗ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കാണാനില്ലെന്ന് മനസ്സിലായത്.
പൊതുസമൂഹവുമായി ബന്ധമില്ലാതെ വർഷങ്ങളായി ഇവർ വനത്തിനുള്ളിലാണ് കഴിയുന്നത്. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബന്ധുക്കളുമായും സഹകരിക്കാറില്ല. ബുധൻ രാവിലെ മുതൽ പൊലീസ്, ഫോറസ്‌റ്റ്, അഗ്നിരക്ഷാ സേന, തണ്ടർബോൾട്ട്, പട്ടികവർഗ, ആരോഗ്യവകുപ്പ് പ്രവർത്തകർ എന്നിവർ സൂചിപ്പാറ മുതൽ ചാലിയാർവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 29 അംഗസംഘം രാത്രിവരെ തിരഞ്ഞു. ഡ്രോൺ പരിശോധനയും നടത്തി. ശാന്തയുടെ അച്ഛൻ കറപ്പനും സംഘത്തിലുണ്ടായിരുന്നു. കാട്ടിൽ ഇവരുടെ വസ്‌ത്രങ്ങൾ കണ്ടു. തിരയുന്നത് മനസ്സിലാക്കി ഒഴിഞ്ഞുപോകുന്നതായാണ് നിഗമനം.
