
കേരളത്തിലെ എസ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. അടുത്ത ബുധനാഴ്ച ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും.
എസ്ഐആറിനെതിരേ ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും ചില അഭിഭാഷകര്‍ ഇന്ന് കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ മാത്രമേ വരുന്ന ബുധനാഴ്ച കേള്‍ക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ ഡിസംബറില്‍ കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്.വി. ഭട്ടി, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി
