
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്ഐആര്‍ ) നടപടികള്‍ സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്ഐആര്‍ ) നടപടികള്‍ സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു.
ജില്ലാ കളക്ടര്‍മാര്‍ അടക്കം എസ്ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തിരഞ്ഞെടുപ്പും എസ്ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മിഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി
