നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിനു ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിത

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിനു ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്.

‘എട്ട് വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറ് പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു’- അതിജീവിത പറയുന്നു.

ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ട്. കോടതി വിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അത്ഭുതമില്ല. കര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020 ല്‍ തന്നെ ബോധ്യമായിരുന്നുവെന്നും അവര്‍ കുറിച്ചു.

കുറ്റാരോപിതരില്‍ ഒരാളിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്ന് മാറ്റം വന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹര്‍ജികളും നിഷേധിക്കപ്പെട്ടു.

നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന്, നിരന്തരമായി അനുഭവിച്ച വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷത്തിനുമൊടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നല്‍കിയതിന് നന്ദി.

You might also like