
ഡല്‍ഹിയിലെ റാപ്പിഡ് റെയില്‍ മാതൃകയില്‍ അതിവേഗ ട്രെയിന്‍; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച സില്‍വര്‍ലൈനിന് പകരമായി റാപ്പിഡ് റെയില്‍ മാതൃകയില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് (ആര്‍.ആര്‍.ടി.എസ്) സമാനമായി 250 കിലോ മീറ്റര്‍ വരെ വേഗത്തിലോടുന്ന മെട്രോയാണ് പരിഗണനയില്‍. പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും അവിടെ നിന്ന് കാസര്‍കോട്ട് വരെയും രണ്ട് ഘട്ടമായി നിര്‍മിക്കാമെന്നാണ് കണക്കുകൂട്ടല്‍.
‘വികസിത കേരളം’ മുദ്രാവാക്യമുയര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ലഭിച്ച സ്വീകാര്യതകൂടി കണക്കിലെടുത്താണ് അതിവേഗ റെയില്‍ പദ്ധതി ഊര്‍ജിതമാക്കുന്നത്. വന്ദേ ഭാരത് വന്നതോടെ അതിവേഗ യാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്. കേരളം അപേക്ഷിച്ചാല്‍ റാപ്പിഡ് റെയില്‍വേ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റെയില്‍ പോലൊരു കമ്പനിയുണ്ടാക്കിയാല്‍ പദ്ധതി നടപ്പാക്കാനായേക്കും
