
കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതിയതായി ലഭിക്കുക. അടുത്ത ആഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ആറ് പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും.
കേരളത്തിന് ലഭിച്ച നാല് ട്രെയിനുകളും തമിഴ്നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നി അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. നാഗര്‍കോവില്‍-ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിക്കുക.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്
