ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

0

തിരുവനന്തപുരം: ആറ്റിങ്ങല്‍ നാവായിക്കുളത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. വിദ്യാര്‍ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കമ്പി തുളച്ചുകയറിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലമ്പലം നാവായിക്കുളം യദുക്കാട് ഇന്ന് പുലര്‍ച്ചെ 3:30 നാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 42 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ബസിലെ രണ്ട് ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ദേശീയ പാതയില്‍ ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞ് ബസ് ചരിഞ്ഞാണ് അപകടം ഉണ്ടായത്

You might also like