
കളമശേരിയിലെ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് 2014 ലെ നിരക്കില്‍ ഭൂമി കൈമാറാനാകില്ല; എച്ച്എംടി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് കളമശേരിയിലെ ഭൂമി കൈമാറാനാകില്ലെന്ന് വ്യക്തമാക്കി എച്ച്എംടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. 2014 ലെ അടിസ്ഥാന മൂല്യനിര്‍ണയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് എച്ച്എംടിയുടെ വാദം.
സര്‍ക്കാര്‍ നിശ്ചയിച്ച തുക വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നും എച്ച്എംടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ഹൈക്കോടതി മന്ദിരം ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി പദ്ധതിക്കായി 27 ഏക്കര്‍ ഭൂമി എച്ച്എംടിയില്‍ നിന്ന് ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഭൂപരിഷ്‌കരണ നിയമ പ്രകാരം എച്ച്എംടി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ 2016 ല്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും ഭൂമിയില്‍ തല്‍സ്ഥിതി ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 2016 ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്
