വരുന്നത് 50 ശതമാനത്തോളം ഇളവ്; പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസിനത്തില്‍ വന്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍

0

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വര്‍ഷം പിന്നിട്ട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളില്‍ നിന്നും 50 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. നിരക്കുകള്‍ കുത്തനെ കൂട്ടിയ കേന്ദ്ര നടപടി സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

പരിഷ്‌കാരം നടപ്പിലാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ് സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തിലും കേരളം നിര്‍ണായക മാറ്റം വരുത്തി.

You might also like