
“ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം, കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണം”: വിദ്യാർഥികളോട് സുനിത വില്യംസ്
‘വീട്ടിൽനിന്ന് അകലെ ഒരു വീട്’ ബഹിരാകാശ നിലയത്തെക്കുറിച്ച് തന്നെ കാത്തിരുന്ന വിദ്യാർഥികളോടായി സുനിത വില്യംസിന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. നാസയിലെ 27 വർഷത്തെ സേവനത്തിന് ശേഷം വിലമതിക്കാനാകാത്ത അനുഭവങ്ങൾ പങ്കുവെക്കാൻ സാഹിത്യോത്സവത്തിൽ എത്തിയതായിരുന്നു അവർ. 2025 ഡിസംബറിൽ നാസയിൽനിന്നു വിരമിച്ച ശേഷം ബഹിരാകാശത്തെ അത്യപൂർവ നിമിഷങ്ങളും പരീക്ഷണങ്ങളും ആഘോഷങ്ങളും ദൃശ്യങ്ങളിലൂടെ കാണിച്ചുകൊടുത്തപ്പോൾ വിദ്യാർഥികൾ കരഘോഷത്തോടെ സ്വീകരിച്ചു. ഭൂമിയിൽനിന്നുള്ള യാത്ര മുതൽ ബഹിരാകാശത്തെ സ്വീകരണം വരെയുള്ള ദൃശ്യങ്ങൾ ബഹിരാകാശ സഞ്ചാരികളാകാൻ തയ്യാറെടുക്കുന്ന ഒരു തലമുറയ്ക്ക് പ്രചോദനം നൽകുന്നതായിരുന്നു.
എട്ട് ദിവസത്തെ സന്ദർശനത്തിനായി പോയ സുനിതയ്ക്കും സഹപ്രവർത്തകർക്കും സാങ്കേതിക തകരാറുകൾ കാരണം ഒൻപത് മാസമാണ് ബഹിരാകാശ നിലയത്തിൽ ചെലവഴിക്കേണ്ടി വന്നത്. സാധാരണ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവിടെയും നടക്കാറുണ്ടെന്നും എല്ലാ ദിവസവും പുതിയ എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു അവിടുത്തെ രീതിയെന്നും അവർ പറഞ്ഞു.
