
ഇറാനിൽ മതപരിവർത്തനം ചെയ്ത ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ അടിയന്തരമായി ഇടപെ
ജനീവ: ഇറാനിൽ മതപരിവർത്തനം ചെയ്ത ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് നിവേദനം. പ്രമുഖ നിയമ സംഘടനയായ അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് ആണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അടിയന്തര അപ്പീൽ സമർപ്പിച്ചത്.
ദേശീയ സുരക്ഷയുടെ മറപിടിച്ച് മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്ന നയമാണ് ഇറാൻ പിന്തുടരുന്നതെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ഒരു മതവിഭാഗമായല്ല മറിച്ച് രാജ്യത്തിന് ഭീഷണിയുയർത്തുന്ന സുരക്ഷാ പ്രശ്നമായാണ് ഭരണകൂടം കാണുന്നത്.
വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രാർത്ഥനാ യോഗങ്ങളിൽ സുരക്ഷാ സേന പതിവായി റെയ്ഡ് നടത്തുന്നു. വിശ്വാസികളുടെ പക്കൽ നിന്ന് ബൈബിളുകളും മറ്റ് മതഗ്രന്ഥങ്ങളും പിടിച്ചെടുക്കുകയും അവരെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നു. സഭാ നേതാക്കളെയും വൈദികരെയും വ്യാജക്കുറ്റങ്ങൾ ചുമത്തി ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദീർഘകാലത്തേക്ക് തടവിലിടുന്നത് പതിവായിരിക്കുകയാണ്
