
കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവം: ആഡംബര വാഹനം ഓടിച്ചത് മണിയന്‍പിള്ള രാജു; നിര്‍ത്താതെ പോയത് ഭയം കൊണ്ടെന്ന് നടന്‍
തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം.
ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നല്‍കിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു ഇന്ന് രാവിലെ വെളിപ്പെടുത്തുകയായിരുന്നു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തിന് പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി
