വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു.

0

കൊല്ലം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു. നിലമേൽ ചടയമംഗലം സ്വദേശികളായ ഷാജി, റാഷിദ ബീവി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഷാജിയുടെ ഭാര്യ സജി മോൾ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം മുഹ്യുദ്ദീൻ പള്ളിക്ക് സമീപമുള്ള ‘അസ്മാക്ക്’ എന്ന ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് മൂവരും ഹോട്ടലിൽ എത്തിയത്. വൈകുന്നേരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങളാണ് ഇവർ കഴിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയ ഉടൻ തന്നെ മൂവർക്കും കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നൊന്നും ഇവർ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. മരണകാരണം ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.

സംഭവം വിവാദമായതോടെ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ഹോട്ടലിന്റെ താക്കോൽ പോലീസ് ഏറ്റെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചു. ഹോട്ടലിലെ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കും. വൃത്തിഹീനമായ സാഹചര്യത്തിലാണോ ഭക്ഷണം പാകം ചെയ്തതെന്നും പഴകിയ മീൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like