കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റേത്: മുഖ്യമന്ത്രി

0

ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ ആമുഖഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിപണികൾക്ക് മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുംകാലത്ത് കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്കുള്ള അടിത്തറയാവും ഈ കോൺഫറൻസിൽ ഉയർന്നുവന്ന ചർച്ചകളും നിർദ്ദേശങ്ങളും എന്ന കാര്യത്തിൽ സംശയമില്ല. വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ സമ്മേളനത്തിൽ പങ്കെടുത്ത ഓരോരുത്തരും പിരിയുന്നത് എന്ന കാര്യം ഉറപ്പുണ്ട്.

തുടക്കത്തിൽ വിഭാവനം ചെയ്തതിനേക്കാൾ വലിയ നിലയിലുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കാൻ ഇതിനു കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഓരോരുത്തരുടേയും മനസ്സിൽ കേരളത്തെ സംബന്ധിച്ചുള്ള ധാരണ കുറച്ചുകൂടി വിപുലമായിരിക്കുന്നു എന്നും കാണാം. കേരളീയരുടെ ആത്മവിശ്വാസത്തെ ഉയർത്താൻ എല്ലാവരുടെയും സംഭാവന സഹായിക്കും. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവൽക്കരണത്തെ ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകും. ഈ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ എടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇവയിൽ നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമാണ സഭകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയ്യാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

യോഗ്യമായ ആശയങ്ങളെ പ്രോജക്ടുകളാക്കി മാറ്റുകയും വിവിധ സർക്കാർ – അർദ്ധ സർക്കാർ ഏജൻസികൾ വഴി നടപ്പിലാക്കുകയും ചെയ്യും. അങ്ങനെ ഐക്യകേരളം പിറവികൊണ്ടതിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ നമ്മൾ വിഭാവനം ചെയ്ത ഒരു നവകേരളത്തിലേക്ക് എത്തിച്ചേരും. അതിന്റെ അടിത്തറയായി വർത്തിക്കാൻ കഴിയുന്ന ആശയങ്ങൾക്ക് ഊടും പാവും നെയ്ത സമ്മേളനമായിരുന്നു ‘വിഷൻ 2031’. കേരളത്തിന്റെ ഭൂതകാലത്തെ മനസ്സിലാക്കാനും, വർത്തമാനകാലത്തെ വിമർശനാത്മകമായി വിലയിരുത്താനും, ഭാവിയെക്കുറിച്ച് സർഗാത്മകമായി ചിന്തിക്കാനുമുള്ള ഒരു ശ്രമമായിരുന്നു ഇത്.

You might also like