
യു.എസ് ആക്രമണഭീഷണി; ഇന്ത്യക്കാർ ഉടൻ ഇറാന്‍ വിടണമെന്ന് എംബസി നിർദേശിച്ചു
തെഹ്റാന്‍: യു.എസ് ആക്രമണ ഭീഷണി നിലനിൽക്കെ എല്ലാ ഇന്ത‍്യ പൗരന്‍മാരും ഇറാന്‍ വിടണമെന്ന് തെഹ്റാനിലെ ഇന്ത‍്യന്‍ എംബസി നിർദേശിച്ചു. ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിന്‍റെ തുടർച്ചയായാണ് നിർദേശം.
ഇറാനിലെ മാറികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികൾ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർ ലഭ‍്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്ന് അറിയിച്ചു. വാണിജ്യവിമാനങ്ങൾ ഉൾപ്പെടെ നിലവിലെ ഗതാഗതസൗകര്യങ്ങൾ പൗരന്‍മാർ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇറാനെതിരെ യു.എസിന്‍റെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. എല്ലാ ഇന്ത‍്യക്കാരും അതീവജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നുമുള്ള ജനുവരിയിലെ മുന്നറിയിപ്പ് എംബസി ആവർത്തിച്ചു.
