
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ കേന്ദ്രം
ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ കേന്ദ്രം. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാകും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ പോകുന്നത്. ഒരു മതവിഭാഗത്തിൽ പരിഷ്‌കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും.
ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രസർക്കാർ തങ്ങളുടെ വാദം ഇത് വരെയും എഴുതി നൽകിയിട്ടില്ല. എന്നാൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2019 ൽ കേന്ദ്ര സർക്കാർ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു.
