2027 സെൻസസിന് ഇന്ന് തുടക്കം; ആദ്യഘട്ടത്തിൽ ഭവന സെൻസസ്

0

ഭാരതത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പായ ‘സെൻസസ് 2027’-ന് ഔദ്യോഗിക തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഈ ദേശീയ ദൗത്യത്തിൽ പങ്കാളികളായി. രാഷ്ട്രപതി ഭവനിൽ വെച്ച് സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ചാണ് രാഷ്ട്രപതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്തുന്ന ചിത്രങ്ങൾ എക്സിലൂടെ പങ്കുവെക്കുകയും, വികസനത്തിന് കൃത്യമായ വിവരശേഖരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് എല്ലാ പൗരന്മാരോടും സെൻസസിൽ സഹകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

സെൻസസ് 2027-ന്റെ ആദ്യഘട്ടമായ ‘സെൽഫ് എന്യുമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) നടപടികൾക്കാണ് ഇന്നലെ തുടക്കമായത്. ഡൽഹി കന്റോൺമെന്റ്, എൻ.ഡി.എം.സി മേഖലകൾക്ക് പുറമെ ആൻഡമാൻ നിക്കോബാർ, ഗോവ, കർണാടക, സിക്കീം, ഒഡീഷ, ലക്ഷദ്വീപ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സെപ്റ്റംബർ 30-നുള്ളിൽ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ താമസസൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങൾക്കാണ് ജനങ്ങൾ മറുപടി നൽകേണ്ടത്.

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ ഭവന സെൻസസും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പും നടക്കും. കേരളത്തിൽ ജൂൺ മാസത്തിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള (സെൽഫ് എന്യൂമേറേഷൻ) സമയമുണ്ടാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും. ഡിജിറ്റൽ സംവിധാനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ഈ കണക്കെടുപ്പിന്റെ അന്തിമ ഫലം 2027-ൽ പ്രസിദ്ധീകരിക്കും.

You might also like