മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കുക്കി വിമതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

0

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കുക്കി വിമതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ഇംഫാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞും അഞ്ച് വയസുകാരനായ സഹോദരനും ഇന്ന് മരണപ്പെട്ടതോടെയാണ് ജനരോഷം ആളിപ്പടര്‍ന്നത്. ഇവരുടെ പിതാവ് നിലവില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. കുട്ടികളുടെ അമ്മ ഗോഹട്ടിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സഫോടനത്തില്‍ ഇവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം സമീപത്തെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചു. പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സേന പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഘര്‍ഷം നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പലയിടങ്ങളിലും റോഡ് ഉപരോധിച്ചുള്ള വന്‍ പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

You might also like