
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ആക്രമണങ്ങള്‍ ലഘൂകരിക്കപ്പെട്ടതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിക്കുന്നതിന്റെ അടുത്തെത്തി. ആ രാജ്യം പുനര്‍ നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കൂടി അദേഹം അഭിമുഖത്തില്‍ പറഞ്ഞുവെച്ചു. ഇസ്ലമാബാദില്‍ ഇറാനും യു.എസും തമ്മില്‍ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഇറാന്റെ ആണവ ശേഷികള്‍ നിര്‍വീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തില്‍ അദേഹം പറഞ്ഞു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ട്രംപ് രണ്ട് പ്രധാന നിബന്ധനകള്‍ കൂടി മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ നീക്കുക, ചര്‍ച്ചകളില്‍ തീരുമാനമെടുക്കാന്‍ ഇറാന്‍ സൈനിക വിഭാഗത്തിന്റെ പൂര്‍ണ സമ്മതം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍
