ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ലെന്നു ആവർത്തിച്ച് ഇറാൻ

0

തെഹ്‌റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതയായ ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈവശമായിരിക്കുമെന്നും അത് ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ആവർത്തിച്ച് ഇറാൻ. ഇറാന്റെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷനുമായ ഇബ്രാഹിം അസീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുർമുസിലൂടെ ഏതൊക്കെ കപ്പലുകൾക്ക് യാത്രാനുമതി നൽകണമെന്ന് ഇറാൻ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹുർമുസ് കടലിടുക്കിലെ കപ്പൽ യാത്രകൾ നിയന്ത്രിക്കുന്നതിനായി ഇറാൻ പാർലമെന്റ് പുതിയ നിയമം കൊണ്ടുവരികയാണ്. സമുദ്ര സുരക്ഷ, പാരിസ്ഥിതിക സംരക്ഷണം, ദേശീയ സുരക്ഷ എന്നിവ മുൻനിർത്തിയുള്ള ഈ നിയമം നടപ്പിലാക്കാൻ സായുധ സേനക്ക് പൂർണ അധികാരം നൽകും. ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ സമ്പത്ത് ശത്രുവിനെ നേരിടാനുള്ള ആയുധം കൂടിയാണെന്നും ഹുർമുസ് കടലിടുക്കിനെ വിദേശ ശക്തികളുടെ സമ്മർദത്തിന് വഴങ്ങി വിട്ടുനൽകില്ലെന്നും അസീസി പറഞ്ഞു.

You might also like