
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
താപനിലയിലെ വർധനവ് പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. മറ്റ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട് ജില്ലയിൽ അനുഭവപ്പെടുന്ന ഈ കനത്ത ചൂടിന് പ്രധാന കാരണം പാലക്കാടൻ ചുരത്തിലൂടെ തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന ഉഷ്ണക്കാറ്റാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പശ്ചിമഘട്ടത്തിലെ ഏക വിടവായ ഈ ചുരത്തിലൂടെ കാറ്റ് തടസമില്ലാതെ കേരളത്തിലേക്ക് പ്രവേശിക്കുന്നത് താപനില വർധിക്കാൻ കാരണമാകുന്നു.ചൂട് കടുക്കുന്നതിനിടയിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
