കർഷക പ്രക്ഷോഭം 6 മാസം പിന്നിട്ടു; ഇന്നു രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ കർഷക സംഘടനകൾ
ദില്ലി: വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതനുസരിച്ച് 26 ന് കര്‍ഷകര്‍ കരിദിനം ആചരിക്കും. രാജ്യവ്യാപകമായിട്ടാകും കരിദിനം ആചരിക്കുക. ശക്തമായ സമര പരിപാടികളും ആരംഭിക്കും എന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം മൂലം കര്‍ഷക സമരം പ്രതീകാത്മകമായാണ് കഴിഞ്ഞ ആഴ്ചകളില്‍ നടന്നത്. വിളവെടുപ്പിനായി വലിയ ഒരു വിഭാഗം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്ത മോര്‍ച്ചയുടെ നിര്‍ദേശം. ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശം കര്‍ഷകര്‍ മുന്നോട്ട് വച്ചതിന് ശേഷമെ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഹാരം ഉണ്ടാകാത്ത വാദപ്രതിവാദങ്ങള്‍ ഉയരേണ്ട സമയമല്ല എന്ന് കൃഷി മന്ത്രി കര്‍ഷകരെ അറിയിച്ചു.