
ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേയ്ക്ക്; ജനസാഗരമായി തലസ്ഥാനം
തിരുവനന്തപുരം: ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുന്നു. 102 സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
മഴയുടെ ഭീഷണിയുണ്ടെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തുന്ന ആവേശത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റും പരിസരവും തൂവെള്ള വസ്ത്രധാരികളായ പ്രവര്‍ത്തകരെക്കൊണ്ട് ഇതിനകം തന്നെ നിറഞ്ഞു കവിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരത്തിലെ ഹോട്ടലുകളില്‍ മുറികള്‍ വാടകയ്ക്കെടുത്ത് താമസം ഉറപ്പിച്ചിരിക്കുകയാണ്.
നിലവില്‍ നഗരത്തിലെ ഒരു ഹോട്ടലുകളിലും മുറികള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടതോടെ ചായക്കടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെയുള്ള നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലും വന്‍ ബിസിനസാണ് നടക്കുന്നത്. പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചകളും തത്സമയ വാര്‍ത്താ അവലോകനങ്ങളും കൊണ്ട് നഗരവീഥികളും സജീവമാണ്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഞായറാഴ്ച രാത്രി ഏഴോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ടെത്തി സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. മഴ പെയ്താല്‍ പോലും യാതൊരു ബുദ്ധിമുട്ടും കൂടാതെ കൂടുതല്‍ പേര്‍ക്ക് ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്
