
45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ സൂപ്പർ ടാങ്കർ; തടസങ്ങൾ ഭേദിച്ച് ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്
ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് നിശ്ചലമായിരിക്കെ, തടസങ്ങൾ ഭേദിച്ച് ഇന്ത്യൻ എൽപിജി ടാങ്കർ ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം മൂലം കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായി നിലച്ച പാതയിലൂടെയാണ് 45,000 ടൺ പാചകവാതകവുമായി ഈ സൂപ്പർടാങ്കർ സഞ്ചരിക്കുന്നത്. അമേരിക്ക ഇറാനുമേൽ ഉപരോധം ശക്തമാക്കിയതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം നിലച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിന് ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടക്കുന്ന ആദ്യ ഇന്ത്യൻ കപ്പലായി ‘സർവ് ശക്തി’ മാറും.
സംഘർഷത്തിനിടയിലും ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ എട്ട് എൽപിജി കപ്പലുകൾ കടത്തിവിടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഫെബ്രുവരിയിൽ പേർഷ്യൻ ഗൾഫിൽ പ്രവേശിച്ച ‘സർവ് ശക്തി’, ദുബായ്ക്ക് സമീപം വച്ച് മറ്റൊരു കപ്പലിൽ നിന്നാണ് വാതകം ശേഖരിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഈ ഇന്ധനത്തിന്റെ ഗുണഭോക്താവ് എന്നാണ് റിപ്പോർട്ടുകൾ. പത്ത് മുതൽ പതിനാലു മണിക്കൂർ വരെ സമയമെടുക്കുന്ന അതീവ സങ്കീർണമായ യാത്രയാണിത്. സുപ്രധാന നീക്കം രാജ്യത്തെ പാചകവാതക വിതരണത്തിൽ വലിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
