
എബോള ഭീതി: അതീവ ജാഗ്രതയില്‍ കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് എസ്ഒപി കൈമാറി
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ഇന്ത്യയില്‍ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ ആഗോള അടിയന്തരാവസ്ഥ മധ്യ ആഫ്രിക്കയില്‍ എബോളയുടെ അപൂര്‍വ ഇനമായ ‘ബുന്ദിബുഗ്യോ (Bundibugyo)’ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്ക് രോഗബാധ സംശയിക്കുകയും 130 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ഈ അപൂര്‍വ ഇനത്തിനെതിരെ അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തതാണ് ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്
